Monday, 4 March 2019

കേരളത്തിൽ ആമസോണിന്റെ ഭാവിപരിപാടികൾ

തിരുവനന്തപുരം∙ ആമസോണിൽ 3,000 രൂപയ്ക്ക് ചിരട്ടയും 1,000 രൂപയ്ക്ക് കപ്പയും വിൽക്കാമെന്നു ഇനി കരുതേണ്ട! തോന്നിയ വില ഈടാക്കി ഉൽപന്നങ്ങൾ ആമസോണിൽ വിൽക്കുന്ന സെല്ലേഴ്സിനു പിടിവീഴുമെന്നു മുന്നറിയിപ്പു നൽകി ആമസോൺ പ്രൊഡക്റ്റ് മാനേജ്മെന്റ് ഡയറക്ടർ പ്രണവ് ബാസിൻ.  ആമസോൺ ഇന്ത്യയിലൂടെ ഉൽപന്നങ്ങൾ വിൽക്കുന്ന ലക്ഷക്കണക്കിനു സെല്ലേഴ്സിന്റെ ചുമതലയുള്ള പ്രണവ് കുടുംബശ്രീയും ആമസോണും തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ തലസ്ഥാനത്ത് എത്തിയപ്പോഴാണ് 'മനോരമ'യോട് മനസ്സുതുറന്നത്. ആമസോണിനു മുൻപ് മേക്ക് മൈ ട്രിപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു പ്രണവ്.

കഴിഞ്ഞയിടയ്ക്കാണ് ചിരട്ട 3,000 രൂപയ്ക്ക് ആമസോണിലൂടെ വിൽപനയ്ക്ക് വച്ചതു സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്. വില നിശ്ചയിക്കുന്നതിൽ ആമസോൺ ഇടപെടാറില്ല, പക്ഷേ തോന്നിയ വിലയ്ക്ക് വിൽപനയ്ക്കു വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ അതു വിൽക്കുന്നവരെ നേരിട്ടു ബന്ധപ്പെട്ട ശേഷം നടപടി സ്വീകരിക്കുകയാണു പതിവെന്ന് അദ്ദേഹം പറഞ്ഞു. ആമസോണിന്റെ സ്ത്രീശാക്തീകരണ പദ്ധതിയായ സഹേലിയുടെ ഭാഗമായി കുടുംബശ്രീയിലുടെ സ്ത്രീ സംരഭകർക്ക് ഓൺലൈൻ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോൺ ഉപഭോക്താക്കൾക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ ലഭിക്കുന്നത്.

ആമസോണിന്റെ കണ്ണിൽ കേരളം എങ്ങനെ?
ഹെൽത്ത് ആൻഡ് പഴ്സനൽ കെയർ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കാണു കേരളത്തിൽ ഡിമാൻഡ്. 2013ൽ കേരളത്തിൽ നിന്ന് 100 സെല്ലർമാർ മാത്രമാണുണ്ടായിരുന്നതെങ്കിൽ ആറ് വർഷത്തിനു ശേഷം 3,000 സെല്ലർമാർ ഇന്നവരുടെ ഉൽപന്നങ്ങൾ ആമസോണിലൂടെ വിൽക്കുന്നു. ഇന്ത്യയിൽ വിൽപന നടത്തുന്ന 50 ശതമാനം പേരും ടിയർ ടു, ടിയർ ട്രീ നഗരങ്ങളിൽ നിന്നാണ്.  കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ‌ നിന്ന് ഉൽപാദിപ്പിക്കുന്ന പരമ്പരാഗത കരകൗശല ഉൽപന്നങ്ങൾക്ക് ഇന്ത്യയിലെമ്പാടും നല്ല ഡിമാൻഡുണ്ട്.

കേരളത്തിൽ ആമസോണിന്റെ ഭാവിപരിപാടികൾ?
കേരളത്തിൽ ഉൽപാദനമേഖലയിലുള്ള സഹകരണസംഘങ്ങൾക്ക് ആമസോണിലേക്കു സ്വാഗതം. കൂടുതൽ സർക്കാർ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിൽ ഏർപ്പെടാൻ തയാറാണ്. നിലവിൽ കണ്ണൂരിൽ ഉൾപ്പെടെ നെയ്ത്തുതൊഴിലാളികളുടെ സംഘങ്ങൾ ആമസോണിന്റെ ഭാഗമാണ്. നിങ്ങളുടെ ഉൽപന്നങ്ങൾ ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ ആമസോൺ സഹായിക്കും. ജയ്പ്പൂരിലെ നെയ്ത്തുതൊഴിലാളികൾ നിർമിച്ച ബെഡ്ഷീറ്റുകൾ വിദേശ രാജ്യങ്ങളിൽ ബീച്ച്ക്ലോത്ത് ആയിട്ട് വരെ ഉപയോഗിക്കുന്നുണ്ടത്രെ. നമ്മൾ വിചാരിക്കാത്ത ഉപയോഗങ്ങളാണു നമ്മുടെ ഉൽപന്നങ്ങൾകൊണ്ട്!</p>


 കേരളം പോലെയുള്ള സംസ്ഥാനങ്ങളിലെ സെല്ലേഴ്സിന് ഭാഷ  പ്രശ്നമല്ലേ?കുറേയൊക്കെ ശരിയാണ്. പക്ഷേ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷിനു പുറമേ മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ തമിഴും തെലുങ്കും ഹിന്ദിയുമുണ്ട്. ഉടൻ മലയാളവുമെത്തും. സഹായം നൽകാനുള്ള ആമസോൺ ഗ്രൂപ്പിലും മലയാളികളുണ്ട്. ആമസോൺ ആപ്പിൽ നിലവിൽ ഹിന്ദി ലഭ്യമാണ്. അതു മറ്റു ഭാഷകളിലേക്കും വ്യാപിപ്പിക്കും.


 ആമസോണിൽ സാധനങ്ങൾ വിൽക്കാൻ എന്തുചെയ്യണം?
മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്കൊരു ആമസോൺ സെല്ലറായി മാറാം. ആമസോൺ സെല്ലർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ‌ ചെയ്യുക. ജിഎസ്ടി നമ്പർ, ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ എന്നിവയുണ്ടെങ്കിൽ നിങ്ങൾ ഞങ്ങളുടെ ഔദ്യോഗിക സെല്ലറായിക്കഴിഞ്ഞു. ഉൽപന്നങ്ങളുടെ മികച്ച ചിത്രങ്ങൾ എടുത്തു പ്രസിദ്ധീകരിക്കാനും കാറ്റലോഗ് തയാറാക്കാനും നെറ്റ്‍വർക്ക് സേവനദാതാക്കൾ നിങ്ങളെ തേടിയെത്തും. ആർക്കും എന്തുൽപ്പന്നവുമായും കടന്നുവരാം.

ആമസോണ്‍ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://bit.ly/AmazonITES ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോണ്ടാക്റ്റ് ഡീറ്റയിൽസ് നല്കുകയോ 8848407347 -ല്‍ വിളിക്കുകയോ ചെയ്യുക.